ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയയിലെത്തിയ ഇംഗ്ലീഷ് താരങ്ങള്‍ അമിത മദ്യപാനത്തിലായിരുന്നെന്ന് സ്ഥിരീകരണം. സംഭവത്തില്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മാനേജിംഗ് ഡയറക്ടര്‍ റോബ് കീ അന്വേഷണം ആരംഭിച്ചതായാണ് സൂചന. പരമ്പരയിലെ രണ്ടും മൂന്നും ടെസ്റ്റ് പോരാട്ടങ്ങള്‍ക്കിടയിലെ ഇടവേളയിലായിരുന്നു സംഭവം.
അഞ്ച് മത്സരപരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റും പരാജയപ്പെട്ട് ഇംഗ്ലണ്ട് ഇതിനോടകം ആഷസ് കൈവിട്ടു. വെറും 11 മത്സരദിനങ്ങളില്‍ 2025-26 ആഷസ് പരമ്പര ഇംഗ്ലണ്ട് കൈവിട്ടെന്നതാണ് ശ്രദ്ധേയം. ഈ നാണക്കേടിന്റെ ഇടയിലാണ് ഇപ്പോള്‍ മദ്യപാന പ്രശ്നം ഉയര്‍ന്നുവന്നിരിക്കുന്നത്.
ബ്രിസ്ബെയ്നിലെ റിസോട്ട് ടൗണ്‍ ആയ നൂസയിലായിരുന്നു ഇംഗ്ലീഷ് താരങ്ങള്‍ റിലാക്സേഷനായി ഒത്തുകൂടിയത്. ബ്രിസ്ബെയ്നില്‍ രണ്ടു ദിവസത്തെ മദ്യപാനത്തിനുശേഷമാണ് നൂസയില്‍ ഇംഗ്ലീഷ് താരങ്ങള്‍ ഒത്തുകൂടിയതെന്നാണ് വിവരം.
ടെസ്റ്റിന്റെ ഇടവേളയില്‍ റിലാക്സ് ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് റോബ് കീയുടെ നിലപാട്. എന്നാല്‍, ടീം അംഗങ്ങള്‍ അമിതമായി മദ്യപിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ഇംഗ്ലീഷ് താരങ്ങള്‍ ആറ് ദിവസം മദ്യത്തിലായിരുന്നെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും രസകരം ആദ്യ മൂന്നു മത്സരങ്ങളിലായി 11 ദിവസം മാത്രമാണ് കളി നടന്നത്. ഓസ്ട്രേലിയയില്‍ ക്രിക്കറ്റ് കളിച്ച ദിനങ്ങളുടെ, പകുതിയില്‍ അധികംദിനങ്ങള് ഇംഗ്ലീഷ് താരങ്ങള്‍ മദ്യത്തിലായിരുന്നെന്നു ചുരുക്കം.
ആഷസില്‍ മാത്രമല്ല, ഇംഗ്ലണ്ടിന്റെ ഏകദിന ടീം ന്യൂസിലന്‍ഡ് പര്യടനത്തിനിടെയും അമിത മദ്യപാനത്തില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ വൈറ്റ്ബോള്‍ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്, ബാറ്റര്‍ ജേക്കബ് ബെഥേല്‍ എന്നിവര്‍ ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിന്റെ തലേ രാത്രിയില്‍ മദ്യത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ആഷസിനു തൊട്ടുമുമ്പ് ന്യൂസിലന്‍ഡിലെത്തിയ ഇംഗ്ലണ്ട്, മൂന്നു മത്സര ഏകദിന പരമ്പര 3-0നു കൈവിട്ടിരുന്നു. മൂന്നാം ഏകദിനത്തിന്റെ തലേ രാത്രിയില്‍ ബ്രൂക്കും ബെഥേലും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും ടീം ഡയറക്ടറിന്റെ അന്വേഷണപരിധിയിലുണ്ട്. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് ബോക്സിംഗ് ഡേയില്‍ (ഡിസംബര്‍ 26) മെല്‍ബണില്‍ ആരംഭിക്കും.